Kashmir Issue - a Democratic Approach - by Mohammed Ashiq R S

09:39
1947ല്‍ ഇന്ത്യ വിടുന്ന ബ്രിട്ടിഷുകാര്‍ രാജഭരണപ്രദേശങ്ങളിലെ രാജാക്കന്മാര്‍ക്ക് നിര്‍ദേശം നല്‍കി. പുതുതായി രൂപീകരിക്കപെടുന്ന ഇന്ത്യയോടോപ്പമോ പാക്കിസ്ഥാനോടോപ്പമോ അതുമല്ല സ്വതന്ത്രമായി നില്‍ക്കണമെങ്കില്‍ അങ്ങനെയോ നില്‍ക്കാം എന്ന മൂന്ന് നിര്‍ദേശങ്ങള്‍ നല്‍കി , ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ബ്രിട്ടീഷ്‌-ഇന്ത്യയെ ആശ്രയിച്ചിരുന്നതിനാല്‍ സ്വതന്ത്രമായി നില്‍ക്കുക എന്ന നിര്‍ദേശം നാട്ടുരാജ്യങ്ങളെ സംബന്ധിച്ച് പ്രാവര്‍ത്തികമാക്കുക സാധ്യമായിരുന്നില്ല.

ഹിന്ദു- മുസ്ലിം വിഭജന തിയറി അനുസരിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന കാശ്മീര്‍ സ്വാഭാവികമായും പാകിസ്താനൊപ്പം നില്‍ക്കും എന്നായിരുന്നു പൊതുവേയുള്ള ധാരണ. നാഷണല്‍ കോണ്‍ഫറന്‍സിന്റെ മതേതര നിലപാടും ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസുമായുള്ള അടുപ്പവും ഇന്ത്യയോടൊപ്പം നില്‍ക്കുവാന്‍ കശ്മീരിനെ പ്രേരിപ്പിക്കും എന്ന് ഇന്ത്യക്കാരും വിശ്വസിച്ചു . അങ്ങനെ എവിടെ ചേരണം എന്ന പ്രതിസന്ധിയില്‍ കശ്മീര്‍ രാജാവ്‌ നിന്ന സമയത്താണ്‌ പടിഞ്ഞാറെ കാശ്മീരില്‍നിന്നും ഒരു വിഭാഗം (പാകിസ്ഥാന്‍ സഹായത്തോടെ) സ്വതന്ത്രകാശ്മീരിലേക്ക് ആക്രമണം നടത്തുന്നത്.

ഈയവസരത്തില്‍ കശ്മീര്‍ രാജാവ്‌ സഹായത്തിനായി ഇന്ത്യയെ സമീപിച്ചു.. പ്രശ്നപരിഹാരത്തിന് ശേഷം "കശ്മീരിലെ ജനങ്ങള്‍ക്ക്‌ കശ്മീര്‍ ആരോടൊപ്പം നില്‍ക്കണം എന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും" എന്നായിരുന്നു കരാര്‍. ( ഏതാണ്ട് ബ്രക്സിറ്റ് പോലെയൊക്കെ ) അന്ന് കാശ്മീരിലേക്ക് കയറിയ പട്ടാളം താഴ്വാരം വിട്ടില്ല, ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ പട്ടാളത്തിന് നില്‍ക്കേണ്ട ഒരു പരിധിയുണ്ട് , എന്നാല്‍ കശ്മീരില്‍ 1947 മുതല്‍ പട്ടാളത്തിന്റെ കീഴിലാണ് ജനജീവിതം (അടിയന്തരാവസ്ഥക്ക് സമാനം).

സ്വയം നിര്‍ണയാവകാശം എന്നുള്ള കരാറിന്മേല്‍ ജമ്മുകാശ്മീരും ഇന്ത്യയുമായുള്ള ബന്ധത്തിലൂന്നിയ ജമ്മുകാശ്മീര്‍ ഭരണഘടന രൂപീകരിക്കപ്പെട്ടു ( അതെ , സ്വന്തമായി ഭരണഘടനയും, കൊടിയുമൊക്കെയുള്ള സംസ്ഥാനമാണ് ജമ്മു&കാശ്മീര്‍). കശ്മീര്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പോലെയല്ല. നിയമസഭ കാലാവധി 6 കൊല്ലമാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കാശ്മീരില്‍ സ്ഥലം വാങ്ങുവാന്‍ സാധിക്കില്ല. ഒരേസമയം ഇന്ത്യയുടെ ഭാഗവുമാണ് ജമ്മുകാശ്മീര്‍ എന്നാല്‍ അതില്‍ കൂടുതലുമാണ്.

ഒന്നാം ക്ലാസ് മുതല്‍ നമ്മള്‍ വരയ്ക്കുന്ന ഇന്ത്യയുടെ ഭൂപടമല്ല ശരിക്കുമുള്ള ഇന്ത്യന്‍ഭൂപടം, പടിഞ്ഞാറിലെ കശ്മീര്‍ എന്നെങ്കിലും ഇന്ത്യയുടെ ഭാഗമാകും എന്നുള്ള വിശ്വാസത്തില്‍ നമ്മള്‍ വരച്ചു ചേര്‍ത്തതാണ് ആ ഭൂപടം, പിന്നെ കിഴക്കന്‍കാശ്മീര്‍(അക്സായ്‌ചിന്‍) ചൈനയുടെ കയ്യിലുമാണ്‌. പടിഞ്ഞാറെ കാശ്മീര്‍(പാക്‌അധിനിവേശ കശ്മീര്‍) ഇന്ത്യന്‍ കശ്മീരിന്റെ ഭാഗമാകും എന്ന വിശ്വാസത്തില്‍ ജമ്മു&കശ്മീര്‍ നിയമസഭയില്‍ അത്രയും സീറ്റ് പോലും കാലിയാക്കി ഇട്ടിട്ടുണ്ട് . ഇന്ത്യയുടെ കീഴിലുള്ള ജമ്മുകാശ്മീര്‍ ജമ്മുവും , കാശ്മീരും , ലടാഘും അടങ്ങുന്നതാണ്. ജമ്മുവില്‍ കാര്യങ്ങള്‍ അത്ര കുഴപമില്ല , ലടാഘിലെ ലെഹ്ലുള്ളവരുടെ ആവശ്യം ലെഹ് ഒരു കേന്ദ്രഭരണപ്രദേശം ആക്കണം എന്നാണ് , കശ്മീര്‍താഴ്വരയിലുള്ള വലിയൊരു വിഭാഗം ജനങ്ങളുടെ ആഗ്രഹം കാശ്മീര്‍ സ്വതന്ത്രമാക്കണം എന്നാണ്.

1947 മുതല്‍പട്ടാളഭരണം അനുഭവിക്കുന്ന ഒരു ജനത ഇങ്ങനെ ആവശ്യപ്പെടുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. നമുക്കൊക്കെ പട്ടാളം രാജ്യം കാക്കുന്ന, രാജ്യത്തു സമാധാനം നിലനിര്‍ത്തുവാന്‍ മഞ്ഞുമലകളില്‍ കാവല്‍കിടക്കുന്ന വീരന്മാരുടെ കഥകളാണ്. എന്നാല്‍ രാജ്യം കാക്കുന്നതിനിടയ്ക്കു തങ്ങളുടെ 'ആവശ്യങ്ങള്‍' (ചില രാജ്യസ്നേഹികളുടെ ലോജിക് അതാണ്‌, വീടും കുടിയും ഉപേക്ഷിച് രാജ്യം കാക്കുന്നതിനിടയ്ക്കു മുട്ടുമ്പോള്‍ മുന്നില്‍ കാണുന്നവരെയൊക്കെ പീഡിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നുള്ളതാണ് അവരുടെ ഒരു ലൈന്‍) നിറവേറ്റാന്‍ പെങ്ങന്മാരേയും മകളെയും പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തിനു അങ്ങനെ തോന്നില്ല. ജിജ്ഞാസ കൊണ്ട് പോലും ഒരു നോക്ക് നോക്കിയാല്‍ അതിന്റെ പേരില്‍ തല്ലി ചതയ്ക്കുന്ന പട്ടാളക്കാരെക്കുറിച്ച് അവര്‍ക്ക് ഇതേ അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. അവര്‍ക്ക് പട്ടാളം നടുക്കുന്ന ഓര്‍മകളാണ്. സംശയം തോന്നിയാല്‍ പട്ടാളത്തിന് കശ്മീരിജനതയെ വെടിവെയ്ക്കാം , വാറന്റില്ലാതെ അറസ്റ്റു നടത്താം. ട്രയല്‍ ഇല്ലാതെ രണ്ടു വര്‍ഷം വരെ ജനങ്ങളെ ജയിലിലിടാന്‍ വകുപ്പുണ്ട്. ഈ കരിനിയമങ്ങളുടെ ബലത്തില്‍ആയിരക്കണക്കിന് കശ്മീരി ജനങ്ങളെ പട്ടാളം കൊന്നു കുഴിച്ചു മൂടുകയും ചെയ്തിട്ടുണ്ട് .

സംഘടിക്കുവാണോ, സംവാദങ്ങള്‍നടത്തുവാനോ , മുദ്രാവാക്യം മുഴക്കാനോ സ്വാതന്ത്ര്യം ഇല്ലാത്തവരുടെ നാടാണ് കാശ്മീര്‍. ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളെ ഭരണകൂടങ്ങള്‍ തോക്ക് കൊണ്ടാണോ നേരിടുന്നത് ? മിക്കയിടങ്ങളിലും പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുമ്പോള്‍ ജലപീരങ്കിയോ , കണ്ണീര്‍വാതകം ഒക്കെ പ്രയോഗിക്കാറുണ്ട്. വെടിവെപ്പും ചിലയിടങ്ങളില്‍ അപൂര്‍വമായി ഉണ്ടായിട്ടുണ്ട്. പക്ഷെ അത് നിയമത്തിന്റെ ബലത്തിലല്ല എന്നാല്‍ കശ്മീരിലെ ഏതൊരു പ്രതിഷേധവും തോക്ക് കൊണ്ടാണ് ഭരണകൂടങ്ങള്‍ നേരിടുന്നത് . ഹരിയാനയില് ഈയടുത്ത് ജാട്ട് പ്രക്ഷോഭം നടന്നു , വെടിവെപ്പ് ഉണ്ടായില്ലല്ലോ. ഒരേസമയം കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും എന്നാല്‍ കശ്മീരികളോട് അതേ നിലപാട് സ്വീകരിക്കാത്തതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

കശ്മീരിലെതൊരു മതഭീകരവാദമല്ല , രാഷ്ട്രീയപ്രശ്നമാണ് . ബുര്‍ഹാന്‍വാനി ഒരു വിഘടനവാദിയും തോക്കെടുത്തവനുമാണ് കശ്മീരിലെ യുവാക്കളെ തോക്കെടുക്കുവാന്‍ പ്രേരിപ്പിച്ചവനുമാണ് , പക്ഷെ അയാളുടെ നിലപാടുകള്‍ - അമര്‍നാഥ്‌ തീര്‍ഥാടകരെ അക്രമിക്കുകയില്ലെന്നും , കശ്മീരി പണ്ഡിറ്റുകള്‍ വേറെയായിട്ടല്ല , കാശ്മീര്‍താഴ്‌വരയില്‍ തന്നെ കഴിയണമെന്നും , തങ്ങളെ ആക്രമിക്കാത്ത കാശ്മീര്‍ പോലിസിനെ തങ്ങളും ആക്രമിക്കില്ല എന്ന അയാളുടെ വിഡിയോ സന്ദേശം കാശ്മീരിലേതൊരു മതഭീകരവാദപ്രവര്‍ത്തനം അല്ലെന്നും രാഷ്ട്രീയപ്രശ്നമാണെന്നും തെളിയിക്കുന്നു.

ബൈക്കില്‍ചുറ്റാന്‍ ഇറങ്ങിയ അയാളെയും കൂട്ടുകാരെയും പട്ടാളം ഒരു കാരണവും കൂടാതെ തല്ലിയതാണ് അയാള്‍ ആദ്യം നേരിട്ട വിവേചനം , അയാളുടെ സഹോദരനെ ഒരു കാരണവും കൂടാതെ പട്ടാളം കൊന്നതും അയാളെ തോക്കെടുക്കാന്‍ പ്രേരിപ്പിച്ചു എന്നും കേള്‍ക്കുന്നു. ബുര്‍ഹാന്‍വാനി മാത്രമല്ല കശ്മീരിലെ ഒട്ടുമിക്ക യുവത്വങ്ങള്‍ക്കും പട്ടാളത്തിന്റെ ഇത്തരം ക്രൂരവിനോദങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. ബുര്‍ഹാന്‍വാനികള്‍ ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും സംഭാവനകളാണ് . കശ്മീരിന് പുറത്തു കശ്മീരികള്‍ക്ക് അത്ര നല്ലൊരു അനുഭവമല്ല, പട്ടാളത്തിന്റെയും സ്വയം പ്രഖ്യാപിത ദേശസ്നേഹികളുടെയും അവരോടുള്ള പെരുമാറ്റം അവരെ ഇന്ത്യയില്‍നിന്നും കൂടുതല്‍ അകറ്റുന്നു . സ്വൈര്യ ജീവിതവും , വിദ്യാഭ്യാസവും , ഇന്ത്യക്കാരന്‍ എന്ന പരിഗണനയും കിട്ടിയിരുന്നെങ്കില്‍ ബുര്‍ഹാന്‍വാനികള്‍ ഉണ്ടാകില്ല. കശ്മീരില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന കൂട്ടക്കുരുതികള്‍ കൂടുതല്‍ ബുര്‍ഹാന്‍വാനികളെ സൃഷ്ടിക്കും . ഇപ്പോള്‍ കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുക മാത്രമേ ചെയ്യുകയുള്ളൂ. 10 വയസുള്ള കുട്ടികളുടെ നേര്‍ക്ക്‌പോലും പെല്ലെറ്റ് ആക്രമണം നടത്തുന്ന പട്ടാളം ഗവണ്‍മെന്റ് ചിലവിലെ ഭീകരവാദികളാണ്.

ഇന്ത്യയുടെ കീഴിലെ കശ്മീരിനെ ഇന്ത്യന്‍അധിനിവേശ കശ്മീര്‍ എന്ന് പാകിസ്ഥാനും പാകിസ്താന് കീഴിലെ കശ്മീരിനെ പാക് അധിനിവേശ കാശ്മീര്‍ എന്ന് ഇന്ത്യയും വാദിക്കുന്നു . കശ്മീരിനായി ഇരുരാജ്യങ്ങളും രണ്ടു പ്രമുഖ യുദ്ധങ്ങളും നടത്തി . ഇതിനിടയില്‍ സ്വൈര്യ ജീവിതം നഷ്ടപ്പെട്ട കശ്മീരി ജനതയും. കശ്മീരികള്‍ക്ക് സ്വയം നിര്‍ണയാവകാശം വിനിയോഗിക്കുവാന്‍ അവസരമൊരുക്കുവാന്‍ ഇരുരാജ്യങ്ങളും ഭയക്കുന്നു എന്ന് വേണം കരുതാന്‍.

തോക്കുകള്‍കൊണ്ട് കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല. സമാധാനം പാലിക്കുക എന്ന് സംസ്ഥാന-ദേശിയ നേതാക്കള്‍ ഉരുവിട്ടത് കൊണ്ട് കശ്മീരില്‍ സമാധാനം ഉണ്ടാകില്ല . പകരത്തിനു പകരം എന്നുള്ള നിലയ്ക്ക് കാര്യങ്ങള്‍ ഇനിയും നീങ്ങരുത് . തോക്കിനു മുന്‍പില്‍ കശ്മീരികളെ ഭയപ്പെടുത്തി കശ്മീരിനെ തങ്ങളുടെ ഭാഗമാക്കാം എന്നുള്ള ധാരണ ഭരണകൂടങ്ങള്‍ മതിയാക്കണം. വിഘടനവാദം കശ്മീരിലെ രാഷ്ട്രീയപ്രശ്നമാണ്, ചര്‍ച്ചകളിലൂടെ മാത്രമേ കശ്മീര്‍പ്രശ്നം പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ.

ജനദ്രോഹപരമായ AFSPA പോലുള്ള നിയമങ്ങള്‍ എടുത്ത് കളയുകയും പട്ടാളത്തിന്റെ എണ്ണത്തില്‍കുറവ് വരുത്തുകയും , പട്ടാളം അവിടെ നടത്തിയ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും, കരിനിയമങ്ങളാല്‍ ഉള്ളിലാക്കപ്പെട്ട ജനങ്ങളെ വിട്ടയക്കുകയും ചെയ്തു കശ്മീരികളുടെ വിശ്വാസം നേടിയെടുക്കണം.

ജനാധിപത്യം പുനസ്ഥാപിക്കണം, ജനാധിപത്യത്തില്‍ പട്ടാളം നില്‍ക്കേണ്ട ഒരു പരിധിയുണ്ട് അവിടേക്കവരെ മടക്കിയയക്കണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍മാത്രം കശ്മീര്‍പ്രശ്നം ഉന്നയിക്കുകയും അതിനെ വെറും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയും യാഥാര്‍ത്ഥ്യബോധമില്ലാതെ വാചകകസറത്തു നടത്തുന്ന രാഷ്ട്രീയനേതാക്കളും ഉള്ളിടത്തോളം കശ്മീരികളുടെ ജീവിതം ദുരിതപൂര്‍ണമായി തന്നെ തുടരും. 

ഞാനൊരു വിഘടനവാദിയോ വിഘടനവാദത്തെ പിന്താങ്ങുന്നവനോ അല്ല, വിഘടനവാദം കാശ്മീര്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം. കാശ്മീര്‍ ജനത ഇന്ത്യയോടൊപ്പം നില്‍ക്കുവാന്‍ മനസ്സ് കാണിച്ചാല്‍ നല്ലത്. പക്ഷെ ബലം പ്രയോഗിച്ചു അവരെ പിടിച്ചു നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. അവിടുത്തെ ജനങ്ങളുടെ മേല്‍ അക്രമണം നടത്തുന്നത് നാമോരുരുത്തരുടെയും പേരിലാണ്. വീടിനുള്ളിളിരിക്കുന്ന കുഞ്ഞുങ്ങളുടെ മേല്‍ പോലും പെല്ലെറ്റ് ആക്രമണം നടത്തുന്നതിന് യാതൊരു ന്യായീകരണവും ഇല്ല.

Article By  :
 
Mohammed Ashiq R S









Share this

Related Posts