അമ്മേ.. നിളേ.. മാപ്പു - by JITHIN

03:14
kuttipuram
ചുട്ടു പഴുത്ത പൂഴിയാം
നിൻ ചിതാഭസ്മം
കാൺകെയെന്നുള്ളം
നോവുന്നു വേവുന്നു-
യെന്നമ്മേ..നിളേ-

യെന്നക്ഷികളിന്നലയുന്നു
മേവുന്നു
നിന്നൊരുതുള്ളി-
യമൃതധാരക്കായി..

ദാഹം പൊറാതെ
വേച്ചു വീണയെത്ര
തുടിപ്പുകൾക്ക-
മൃതധാരിണിയായി
നീ നിൻ മുലചുരത്തി.

വറ്റി വരണ്ട
കണ്ഠങ്ങളിലാശ്വസ-
വർഷമായി നീ
ആഴ്ന്നിറങ്ങി-
യാനന്ദത്തിന്നാർത്ത-
നാദംമുഴക്കി

നീരൂട്ടി നീ വളർത്തിയ
നാരിയും
നരനുമൊടുവിൽ നിൻ
നിണവുമൂറ്റിക്കൊഴുക്കെ

മാതൃവാത്സല്യവുംപേറി
നിരാദികയായി നീ
ശയിക്കേ-
യനന്തരം
നിരുദകയായി നീ
മാറിയില്ലേ

നീളേ.. നിൻ
ഹൃദയത്തിൽ
നിന്നൊരുപിടി
പൂഴി വാരിയെൻ
നെഞ്ചോടുചേർക്കേ,

ഞാനറിയുന്നുവമ്മേ
നിരാലംബലയായി
നിശബ്ദമായി കേഴും
നിൻ തേങ്ങലുകൾ

ക്ഷയിച്ചുണങ്ങിയ
നിൻ സിരകൾതൻ
നിഴൽപ്പാടുകാൺകെ-
യെൻ ഹൃദയധമനികളിൽ
പൊടിയുന്നൊരുന്നൂറു-
രുധിരകണങ്ങൾ

ചൊല്ലുവാനെ-
ന്നിലാശ്വാസകപട
വാക്കുകൾതൻ
ചാതുര്യമില്ല
മോഹനവാഗ്ദാനങ്ങൾതൻ
അക്ഷയ കലവറയില്ല

നിൻ പാദാരവൃന്ദങ്ങളിലെൻ
ചോരയിറ്റിച്ചു
ഞാനിരക്കുന്നുവമ്മേ
നിളേ.......
മാപ്പു.. മാപ്പു.. മാപ്പു..


by
JITHIN  










Share this

Related Posts