Showing posts with label Poetry. Show all posts
Showing posts with label Poetry. Show all posts

ഒരു_പാവം_പ്രശസ്തിയാർത്ഥി -- by JitHin

00:36 Add Comment
#ഒരു_പാവം_പ്രശസ്തിയാർത്ഥി

എന്നുമുണ്ടായിരുന്നു
എന്റെ പിന്നിലവൻ

നടക്കുമ്പോഴും
നിൽക്കുമ്പോഴും
നടവഴിയിലും
ഇടവഴിയിലും
ഇടവേളയില്ലാതെ
എന്നും
എപ്പോഴും... 

എന്നിട്ടുമപ്പോൾ
ഞാനൊന്നും
പ്രതികരിച്ചില്ല..,
ഒന്നും മിണ്ടിയുമില്ല

പിന്നീടൊരിക്കലവൻ 
ബസിൽ വച്ച്
എന്റെ പുറകിൽ
വന്ന് നിന്നു

ഞാൻ
കണ്ടതായേ
നടിച്ചില്ല...
ഒന്നും
മിണ്ടിയുമില്ല

അവൻ എന്നിലേക്ക്
കൂടുതൽ കൂടുതൽ
അടുത്ത് വന്നു,
എന്റെ
തോളത്തു
തട്ടിയുരുമ്മി നിന്നു.

ഞാൻ
അറിഞ്ഞ ഭാവം
നടിച്ചില്ല,
ഒന്നും മിണ്ടിയുമില്ല

പതുക്കെ
കമ്പിയിൽ തൂങ്ങി
വന്നെന്റെ
കയ്യിൽ
കടന്നു പിടിച്ചു,

കൈ വലിച്ചെടുത്തു
ഞാൻ മുന്നോട്ട്
നീങ്ങി നിന്നു...

എന്നിട്ടും
ഞാനൊന്നും
മിണ്ടിയില്ല.

മിണ്ടിയാൽ ഞാൻ
മോശക്കാരിയായാലോ?

മുന്നോട്ടാഞ്ഞു
വന്നവനെന്റെ 
മുടിയിൽ
പിടിച്ചു
വലിച്ചപ്പോഴേക്കും 
ബസ് എന്റെ
സ്റ്റോപ്പിലെത്തിയിരുന്നു

ഞാൻ ധൃതിയിൽ
വീട്ടിലേക്ക് നടന്നു...

ഉമ്മറത്തിരുന്ന
അച്ഛനോടും
മുറ്റമടിച്ചു കൊണ്ട്
നിന്ന അമ്മയോടും
അയല്പക്കത്തു
നിന്ന ചേട്ടനോടും
ഞാനൊന്നും പറഞ്ഞില്ല

അവരൊക്കെ-
യെന്നെപ്പറ്റിയെന്ത് 
കരുതും?

അകത്തു കയറി
കതകടച്ചു
കുറ്റിയിട്ടു...
ബാഗ് തുറന്ന്
ഫോണെടുത്ത് 
ഫേസ്ബുക്ക് തുറന്ന്
ഒക്കെയും എഴുതി
പോസ്റ്റിട്ട ശേഷം
നെടുവീർപ്പിട്ടു...

ഹോ...
അങ്ങനെ ഞാനും
പ്രതികരിച്ചു !!

അച്ഛനുമറിഞ്ഞില്ല
അമ്മയുമറിഞ്ഞില്ല
ആങ്ങളയുമറിഞ്ഞില്ല...

എനിക്കെന്റെ
ഫേസ്ബുക്ക്
ആങ്ങളമാരുണ്ടല്ലോ

എന്ന് ഞാൻ

(ഒരു പാവം
പ്രശസ്തിയാർത്ഥി)

BY JitHin

2016 LLB
GLC TVM

അസഹിഷ്ണുത. .... By Jithin

00:35 Add Comment
#അസഹിഷ്ണുത
******************

അസഹിഷ്ണുതയുടെ
പല്ലിറുമ്മലുകളിൽ
അസ്വസ്ഥമാണിന്ന്
ആകാശത്തിൻ
ചോടുകളെല്ലാം

അരാജകത്വത്തിന്റെ
കോമ്പല്ലുകൾ 
കുത്തിയിറക്കി
ജീവരക്തമൂറ്റി
ക്കുടിച്ചന്തപുരത്തിൽ
അന്തിയുറങ്ങുന്നു
പകൽ മാന്യന്മാർ

ചിലർക്ക്
മാത്രമാണിവിടെ
അസഹിഷ്ണുതയെ
-ന്നോതിയതാരാണ്‌?

ആരാണിവിടെ-
യസഹിഷ്ണുതയി-
ല്ലാത്ത മനുഷ്യർ?

ഇന്നെല്ലായിടവുമുണ്ട്,
എല്ലാവരിലുമുണ്ട്
അസഹിഷ്ണുത..
പല രൂപത്തിൽ,
പല ഭാവത്തിലിന്നത് 
മനുഷ്യസഹജമാണ്..

ചിലർക്ക് ചിലപ്പോൾ
അക്ഷരങ്ങളോട്,

ചിലർക്കാണെങ്കിൽ,
തനിക്കത് പോലെ
സാധിക്കുന്നില്ല-
ല്ലോയെന്നോർത്ത്
മറ്റു ചിലരുടെ മാത്രം
അക്ഷരങ്ങളോട്,

ചിലർക്ക് തങ്ങളുടെ
കൂടെയുണ്ടായിരുന്നവൻ
കൂട്ടം തെറ്റിയെന്നേക്കും 
രക്ഷപെട്ടതിലസഹിഷ്ണുത

കൂട്ടത്തിലൊരുവൻ
അംഗീകരിക്കപ്പെടുമ്പോൾ
അത് താനായില്ലല്ലോ-
യെന്നതിലസഹിഷ്ണുത

അയൽക്കാരൻ
നന്നാകുന്നതിൽ
അസഹിഷ്ണുത

പാവപ്പെട്ടവന്
പണക്കാരനോടും
പണക്കാരന്
പാവപ്പെട്ടവനോടും
പലവിധം
അസഹിഷ്ണുതകൾ

അസൂയ മൂത്ത
അസഹിഷ്ണുതകളിന്ന് 
തെരുവിലിറങ്ങി മനുഷ്യരെ
തിരഞ്ഞു പിടിച്ചാക്രമിക്കുന്നു

എനിക്ക് നിന്നോടും
നിനക്കെന്നോടുമുണ്ട്
അസഹിഷ്ണുത

നിനക്ക്
അസഹിഷ്ണുതയുണ്ടെന്ന്
ഞാൻ പറഞ്ഞതിന്റെ
പേരിൽ പിന്നെയുമുണ്ട്
നിനക്കെന്നോട്
അസഹിഷ്ണുത

നിങ്ങളെന്നോട് കാട്ടിയ
അസഹിഷ്ണുതയിൽ
അസഹിഷ്ണുത മൂത്താണ്
ഞാനിതെഴുതുന്നത് പോലും

ഒടുവിലസഹിഷ്ണുതയിൽ
വീർപ്പുമുട്ടി
സഹിക്കാനാവാതെ,

എന്നാണ് അസഹിഷ്ണുത,
സമാധാനത്തിന്റെ തുഞ്ചത്തു
സഹിഷ്ണുതയുടെ കുരുക്കിട്ട്
ആത്മഹത്യ ചെയ്യുക?

By  JitHin Sfi

2016 LLB

GLC TVM