​I'm not a patriot​ - By Mohammed Ashiq - LLB 2016

00:37

സ്കൂളില്‍ പഠിക്കുന്ന സമയത്ത് ജനഗണമനയെക്കാള്‍ രോമാഞ്ചം തന്നിരുന്നത് "സാരെ ജഹാന്‍ സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ" എന്ന ഗാനമായിരുന്നു. എല്ലാവരും കോറസ് ആയി ലോകത്ത് ഞങ്ങളാണ് ലോകത്ത് ഏറ്റവും മികച്ചത് എന്ന് പറയുമ്പോള്‍ അതിലെ മെറിറ്റ്‌ ഒന്നും നോക്കിയിരുന്നില്ല. ഞങ്ങളാണ് ഏറ്റവും മികച്ചത് എന്ന് ഉള്ളിലുറപ്പിച്ചു ഉള്കിടിലം കൊള്ളുമായിരുന്നു. അതൊരു സുഖമുള്ള ഏര്‍പ്പാടാണല്ലോ . അതിനെക്കാള്‍ രോമാഞ്ചം തന്നത് എ ആര്‍ റഹ്മാന്റെ "വന്ദേ മാതരം" ആയിരുന്നു. മരുഭൂമിയിലൂടെ ഇന്ത്യന്‍ പതാക പാറിപ്പറക്കുന്ന രംഗം ഒക്കെ കാണുമ്പോള്‍ രോമങ്ങള്‍ ഒക്കെ തന്നെയും അറ്റെന്‍ഷന്‍ അടിച്ചു നില്‍ക്കുമായിരുന്നു.
കാലം പോയി, ബോധ്യങ്ങള്‍ മാറി. ഇന്നേറ്റവും സന്തോഷം തരുന്നത് ടാഗോറിന്റെ ജനഗണമനയാണ് , അത് ഇന്ത്യയുടെ ദേശീയഗാനമായത് കൊണ്ടല്ല മറിച്ചു അതാഘോഷിക്കുന്ന ഇന്ത്യയുടെ വൈവിധ്യം ഓര്‍ത്താണ്. പഞ്ചാബും, ഗുജറാത്തും, മറാത്തയും, ബംഗാളും, ഹിമാചലും, ദ്രാവിഡമേഖലയും ഒക്കെ അതാഘോഷിക്കുന്നു. ഇന്ത്യ എന്നത് ഒരു ഏകശിലാരൂപത്തിലുള്ള ഒന്നല്ല എന്നു ജനഗണമന പറയുന്നതിനാലാണ് ജനഗണമനയോടു കമ്പം. എന്നും വെച്ച് അത് കേള്‍ക്കുമ്പോ ചാടിയെണീക്കാനൊന്നും ഇന്ന് തോന്നാറുമില്ല.
ദേശീയചിഹ്നങ്ങള്‍ കാണുമ്പോള്‍ പഴയൊരു വികാരമോ , ഉള്‍കിടിലമോ ഇന്നനുഭവപ്പെടാറില്ല. കാലത്തിനനുസരിച്ച് മാറ്റിവരയ്ക്കപ്പെടുന്നതാണ് അതിര്‍ത്തികള്‍ എന്നും അതൊക്കെ മനുഷ്യനിര്‍മിതം ആണെന്നും ഉള്ള ബോധ്യം തന്നെ കാരണം. സാരെ ജഹാന്‍ സെ അച്ഛാ ഇന്ത്യ മഹാരാജ്യം അല്ല എന്നും കാലം ബോധ്യപ്പെടുത്തി. ഓരോ രാജ്യവും വ്യത്യസ്തവും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും, നേട്ടങ്ങളും കോട്ടങ്ങളും ഒക്കെ ഉണ്ട് എന്നുള്ളത് തന്നെ കാര്യം.
എന്നെ സംബന്ധിച്ച് ഇന്ത്യ രാജ്യത്ത് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യങ്ങളില്‍ ഒന്ന് അതിന്റെ ഭരണഘടനയാണ്. അത് പ്രകാരം ഇന്ത്യ ഒരു സോഷ്യലിസ്റ്റ്, സെകുലര്‍, ഡെമോക്രറ്റിക്ക്, റിപബ്ലിക് ആണ്. അക്കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഗൌരി ലങ്കേഷ് ശ്രമിച്ചതും ജീവിച്ചതും അങ്ങനെ ഒരിന്ത്യക്ക്‌ വേണ്ടിയായിരുന്നു. എന്നാല്‍ ഇന്ന് ദേശീയതയുടെ അപോസ്തലന്മാര്‍ ആയി അവതാരമെടുത്തവര്‍ക്ക് ഏറ്റവും അലര്‍ജിയുള്ള വാക്കുകളാണ് മതേതരത്വവും, സോഷ്യലിസവും, ജനാധിപത്യവും . അതുകൊണ്ടാണല്ലോ മതേതര എഴുത്തുകാരൊക്കെ വായും പൂട്ടി ഇരിക്കണം എന്നവര്‍ ചട്ടം പുറപ്പെടുവിക്കുന്നത്, മിണ്ടുന്നവരെയൊക്കെ അവര്‍ ഭീഷണിപ്പെടുത്തുന്നതും കൊലപ്പെടുത്തുന്നതും.
ഗൌരി ലങ്കേഷ്മാര്‍ കൊല്ലപ്പെടുന്ന ഇന്ത്യയല്ല എന്റെ ഇന്ത്യ എന്ന് അഭിപ്രായപ്പെട്ട വിശ്വസംഗീതജ്ഞനെയും അവര്‍ വിരട്ടുന്നു. നാട് വിടാന്‍ കല്‍പ്പിക്കുന്നു. "വന്ദേ മാതരം" കമ്പോസ് ചെയ്ത് റഹ്മാന്‍ ഇന്ന് ലോകത്തോളം വളര്‍ന്നു . സംഗീതം കൊണ്ട് അതിര്‍ത്തികള്‍ ഭേദിച്ചു ആ മനുഷ്യന്‍. ബ്രസീലിലെ ഇതിഹാസത്തിന്റെ കഥ സിനിമയാക്കിയപ്പോള്‍ സംഗീതം നല്‍കിയതും ഇറാനി സിനിമ മാന്ത്രികന്‍ മാജിദ് മജിദി ഇറാനിലെ ഏറ്റവും ചിലവേറിയ ചിത്രം സംവിധാനം ചെയ്തപ്പോള്‍ സംഗീതത്തിനു വിളിച്ചതും ഈ മനുഷ്യനെയാണ്‌. ലോകത്തോളം ഉയര്‍ന്നിട്ടും അതിന്റെ അഹങ്കാരം തെല്ലും ബാധിക്കാത്ത ഒരു മനുഷ്യനെ അയാളുടെ അഭിപ്രായത്തിന്റെ പേരില്‍ അയാള്‍ പങ്കുവെച്ച മനുഷ്യത്വത്തിന്റെ പേരില്‍ അയാളെ നാട് കടത്താന്‍ വരെ ഓരോ ജന്മങ്ങള്‍ ഇന്ന് ഇവിടെയുണ്ട്. അവരൊക്കെ തന്നെയും ആ മരണത്തെ ആഘോഷിക്കുമ്പോള്‍ അത് ശരിയല്ല എന്ന് പറയുന്നവരെ അവര്‍ വെറുതെ വെച്ചേക്കുമോ ?
ദേശീയത എന്നത് കൊടി പിടിച്ച വര്‍ണവിവേചനം ആണ് എന്നാരോ പറഞ്ഞിട്ടുണ്ട്. ഒരു വിഭാഗത്തിന്റെതു മാത്രമാണ് ഇന്ത്യയെന്നും അത് ഏകശിലാരൂപത്തിലുള്ളതാകണം എന്ന് ചിലര്‍ ഇന്ന് വാദിക്കുന്നു. ഇതൊക്കെ മുന്‍കൂട്ടി കണ്ടു കൊണ്ടായിരിക്കണം ദേശീയതവികാരത്തിലൂന്നിയ സ്വതന്ത്ര്യസമരകാലത്ത് തന്നെ വിശ്വകവി ടാഗോറിങ്ങനെ പറഞ്ഞത് "ദേശസ്നേഹമല്ല എന്റെ ആത്മീയ അഭയം, അത് മനുഷ്യത്വമാണ്‌. ഞാനൊരിക്കലും രത്നത്തിന്റെ വിലയ്ക്ക് ചില്ല് വാങ്ങില്ല. എന്റെ മരണം വരെയും മനുഷ്യത്വത്തിന് മുകളിലായി ദേശസ്നേഹത്തെ പ്രതിഷ്ഠിക്കാന്‍ ഞാന്‍ അനുവദിക്കില്ല"
ആരാണ് യഥാര്‍ത്ഥ ദേശസ്നേഹി എന്നല്ല , ഈ ദേശസ്നേഹം തന്നെ ഒരു മൂഞ്ചിയ ഏര്‍പ്പാടാണ് എന്ന്.

Article By


MOHAMMED ASHIQ"
 

Share this

Related Posts

  • DubsMash 01 Online Magazine by the 2016 BA LLB Students of Govt Law College, Thiruvananthapuram
  • Photos by Pranav Online Magazine by the 2016 BA LLB Students of Govt Law College, Thiruvananthapuram
  • Droplets - by Pravesh Photos BY Pravesh 2016 LLB GLC TVM Online Magazine by the 2016 BA LLB Students of Govt Law College,
  • DubsMash 03 Online Magazine by the 2016 BA LLB Students of Govt Law College, Thiruvananthapuram
Latest

Emoticon Emoticon

:)
:(
=(
^_^
:D
=D
=)D
|o|
@@,
;)
:-bd
:-d
:p
:ng