#അസഹിഷ്ണുത
******************
അസഹിഷ്ണുതയുടെ
പല്ലിറുമ്മലുകളിൽ
അസ്വസ്ഥമാണിന്ന്
ആകാശത്തിൻ
ചോടുകളെല്ലാം
അരാജകത്വത്തിന്റെ
കോമ്പല്ലുകൾ
കുത്തിയിറക്കി
ജീവരക്തമൂറ്റി
ക്കുടിച്ചന്തപുരത്തിൽ
അന്തിയുറങ്ങുന്നു
പകൽ മാന്യന്മാർ
ചിലർക്ക്
മാത്രമാണിവിടെ
അസഹിഷ്ണുതയെ
-ന്നോതിയതാരാണ്?
ആരാണിവിടെ-
യസഹിഷ്ണുതയി-
ല്ലാത്ത മനുഷ്യർ?
ഇന്നെല്ലായിടവുമുണ്ട്,
എല്ലാവരിലുമുണ്ട്
അസഹിഷ്ണുത..
പല രൂപത്തിൽ,
പല ഭാവത്തിലിന്നത്
മനുഷ്യസഹജമാണ്..
ചിലർക്ക് ചിലപ്പോൾ
അക്ഷരങ്ങളോട്,
ചിലർക്കാണെങ്കിൽ,
തനിക്കത് പോലെ
സാധിക്കുന്നില്ല-
ല്ലോയെന്നോർത്ത്
മറ്റു ചിലരുടെ മാത്രം
അക്ഷരങ്ങളോട്,
ചിലർക്ക് തങ്ങളുടെ
കൂടെയുണ്ടായിരുന്നവൻ
കൂട്ടം തെറ്റിയെന്നേക്കും
രക്ഷപെട്ടതിലസഹിഷ്ണുത
കൂട്ടത്തിലൊരുവൻ
അംഗീകരിക്കപ്പെടുമ്പോൾ
അത് താനായില്ലല്ലോ-
യെന്നതിലസഹിഷ്ണുത
അയൽക്കാരൻ
നന്നാകുന്നതിൽ
അസഹിഷ്ണുത
പാവപ്പെട്ടവന്
പണക്കാരനോടും
പണക്കാരന്
പാവപ്പെട്ടവനോടും
പലവിധം
അസഹിഷ്ണുതകൾ
അസൂയ മൂത്ത
അസഹിഷ്ണുതകളിന്ന്
തെരുവിലിറങ്ങി മനുഷ്യരെ
തിരഞ്ഞു പിടിച്ചാക്രമിക്കുന്നു
എനിക്ക് നിന്നോടും
നിനക്കെന്നോടുമുണ്ട്
അസഹിഷ്ണുത
നിനക്ക്
അസഹിഷ്ണുതയുണ്ടെന്ന്
ഞാൻ പറഞ്ഞതിന്റെ
പേരിൽ പിന്നെയുമുണ്ട്
നിനക്കെന്നോട്
അസഹിഷ്ണുത
നിങ്ങളെന്നോട് കാട്ടിയ
അസഹിഷ്ണുതയിൽ
അസഹിഷ്ണുത മൂത്താണ്
ഞാനിതെഴുതുന്നത് പോലും
ഒടുവിലസഹിഷ്ണുതയിൽ
വീർപ്പുമുട്ടി
സഹിക്കാനാവാതെ,
എന്നാണ് അസഹിഷ്ണുത,
സമാധാനത്തിന്റെ തുഞ്ചത്തു
സഹിഷ്ണുതയുടെ കുരുക്കിട്ട്
ആത്മഹത്യ ചെയ്യുക?
Emoticon Emoticon