സ്വന്തമായി ഒരു സ്ഥാപനം നടത്തുക, സ്വന്തം ബോസായിരിക്കുക, മറ്റുള്ളവർക്ക് ജോലി കൊടുക്കുക, കാശുണ്ടാക്കുക ഇതെല്ലാം എല്ലാവരുടെയും സ്വപ്നമാണ്. അപൂർവം പേരേ ഈ സ്വപ്നത്തിന്റെ പുറകേ പോകാറുള്ളൂ. അതിലും കുറച്ചു പേർ മാത്രമേ അത് വിജയമാക്കാറുള്ളൂ, ഒരുമൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമേ നമ്മൾ സ്വപ്നം കാണുന്ന ബംഗ്ലാവും ജാഗ്വറും ഒക്കെ എത്തിപ്പിടിക്കാറുള്ളു.
എങ്ങനെയാണ് ഒരാൾ ഒരു നല്ല സംരംഭകൻ ആകുന്നത്? അങ്ങനെയാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഇതൊക്കെ വലിയ പ്രബന്ധമായി എഴുതപ്പെടേണ്ട, എഴുതിയിട്ടുള്ള വിഷയമാണ്. ഇതിനെപ്പറ്റി പഠിപ്പിക്കാൻ കോഴ്‌സുകൾ പോലുമുണ്ട്. എന്നാലും സ്വന്തം സ്ഥാപനങ്ങൾ തുടങ്ങുന്നതിനെപ്പറ്റി പറയാതെ കരിയർ സീരീസ് പൂർത്തിയാകില്ലല്ലോ. അതുകൊണ്ട് എന്റെ ചുറ്റുമുള്ള, പ്രസ്ഥാനങ്ങൾ നടത്തി ജയിച്ചവരുടെയും തോറ്റവരുടെയും അനുഭവത്തിൽ നിന്നും ചില കാര്യങ്ങൾ പറയാം.
1. ഒരു പ്രസ്ഥാനമുണ്ടാക്കാനുള്ള ആഗ്രഹം: ഒരു വ്യവസായ സംരംഭകനാകാനുള്ള ആദ്യത്തെ യോഗ്യത സ്വന്തമായി എന്തെങ്കിലും
സംരംഭം തുടങ്ങണമെന്നുള്ള അടങ്ങാത്ത ആഗ്രഹമാണ് (fire in the belly എന്ന് ഇംഗ്ളീഷിൽ). ഇതെങ്ങനെയാണ് ഓരോരുത്തരിൽ ഉണ്ടാകുന്നതെന്ന് പറയാൻ പറ്റില്ല. ജനിച്ചതും വളർന്നതുമായ സാഹചര്യമാകാം, ഇപ്പോൾ ജീവിക്കുന്ന ചുറ്റുപാടാകാം, പൊതുവെ ജീവിതസാഹചര്യങ്ങൾ അനുകൂലമായതുകൊണ്ടാകാം, നേരെ തിരിച്ചുമാകാം. ഏതാണെങ്കിലും ഒരു ജോലിക്ക് ശ്രമിക്കുന്നതുപോലെ നിസ്സാരമായി കാണേണ്ട ഒന്നല്ലിത്. നമ്മുടെയുള്ളിൽ അടങ്ങാത്ത ആഗ്രഹമായി ഒരു പ്രസ്ഥാനം നടത്തണമെന്ന ത്വര ഉണ്ടോ എന്ന് ആത്മപരിശോധന നടത്തിക്കൊണ്ടേയിരിക്കുക, വർഷങ്ങളോളം. ജോലി കിട്ടാത്തത് കൊണ്ടോ, ആരുടെയെങ്കിലും ഉപദേശം കേട്ടോ, സർക്കാർ ധനസഹായം ചെയ്യും എന്നത് കൊണ്ടോ, കയ്യിൽ കുറച്ചു കാശുള്ളത് കൊണ്ടോ ഒന്നും പോയി ഒരു സ്ഥാപനം തുടങ്ങരുത്.
2. വിജയത്തിലേക്ക് കുറുക്കുവഴികളില്ല: സ്റ്റീവ് ജോബ്‌സിന്റെയും ബിൽ ഗേറ്റിസിന്റെയും സക്കർബർഗ്ഗിന്റെയുമൊക്കെ കഥയേ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ളൂ. ഒരു പ്രസ്ഥാനം തുടങ്ങി പൊളിഞ്ഞുപാളീസായി കുടുംബവും തകർന്ന് മദ്യപാനത്തിലോ, ആത്മഹത്യയിലോ അവസാനിക്കുന്നവരുടെ ചരിത്രമൊന്നും പുസ്തകമോ സിനിമയോ ആകാറില്ല. കാരണം അതത്ര അപൂർവമല്ല എന്നതുതന്നെ. അപ്പോൾ പ്രസ്ഥാനം തുടങ്ങുന്നതിനു മുൻപ് പരാജയത്തിനാണ് കൂടുതൽ സാധ്യത എന്നു തന്നെ മനസ്സിൽ കരുതണം.
3. റിസ്കില്ലാത്ത ബിസിനസ്സില്ല: നമ്മൾ എത്ര അറിവുള്ള ആളായാലും, നമ്മുടെ കൈയിൽ എത്ര പണമുണ്ടെങ്കിലും, നമ്മുടെ എത്ര തലമുറ ബിസിനസ്സ് ചെയ്തതാണെങ്കിലും ബിസിനസ്സ് എന്നും ഒരു റിസ്‌ക്കി പണി തന്നെയാണ്. അതുകൊണ്ടാണ് അത് വിജയിക്കുമ്പോൾ നമുക്ക് അതിനർഹമായ പ്രതിഫലം കിട്ടുന്നത്. റിസ്കില്ലാത്ത ബിസിനസ്സ് അന്വേഷിക്കുന്നത് ചുക്കില്ലാത്ത കഷായമന്വേഷിക്കുന്നതു പോലെ പാഴ്‌വേലയാണ്.
4. റിസ്‌ക്കെടുക്കലാണ് ബിസിനസ്സിന്റെ ഒന്നാം പാഠം: ബിസിനസ്സ് നടത്തുന്നവരെയും തൊഴിൽ ചെയ്യുന്നവരെയും തമ്മിൽ മാറ്റിനിർത്തുന്ന ഏറ്റവും വലിയ ഘടകം അവരുടെ റിസ്ക് എടുക്കാനുള്ള മാനസികനിലയാണ്. ഇതിന്റെയർത്ഥം എത്ര ഉയരത്തിലും അടിയിൽ വലകെട്ടാതെ ട്രപ്പീസ് കളിക്കാനുള്ള ധൈര്യമാണ് ബിസിനസിന് വേണ്ടത് എന്നല്ല, മറിച്ച് എന്തൊക്കെയാണ് ഇതിലെ റിസ്ക്ക് എന്നു മനസിലാക്കി നമ്മുടെ കംഫർട്ട് സോണിനു പുറത്ത് കാര്യങ്ങൾ ചെയ്യാനുള്ള മനക്കരുത്തുണ്ടാകണം എന്നാണ്.
5. എല്ലാമറിഞ്ഞിട്ട് ഒന്നും നടക്കില്ല: റിസ്കെടുക്കുന്നതിലെ ഒരു പ്രധാന സംഗതി ചില കാര്യങ്ങൾ എങ്ങനെയാകുമെന്ന് നമുക്ക് പ്രവചിക്കാനേ പറ്റില്ല എന്നതാണ്. ഉദാഹരണത്തിന്, നമ്മൾ റിന്യുവബിൾ എനർജിയുടെ ബിസിനസ് ചെയ്യുന്നു എന്നു കരുതുക. ആഗോള എണ്ണവില ഈ ബിസിനസിനെ ബാധിക്കുന്ന ഒരു ഘടകമാണ്. അതിനെ ബാധിക്കുന്നതാകട്ടെ, സാമ്പത്തികഘടകങ്ങളേക്കാൾ കൂടുതൽ രാഷ്ട്രീയഘടകങ്ങളാണ്. അപ്പോൾ അമേരിക്കയിൽ ഒരു പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നു, ഇറാനെതിരെ ഉപരോധമുണ്ടാകുന്നു, ഇതെല്ലാം എണ്ണവിലയെ ബാധിക്കും. അതുവഴി നമ്മുടെ ബിസിനസിനേയും. ഇതൊക്കെ മുൻകൂട്ടി അറിഞ്ഞ് ഒരു ബിസിനസ്സ് നടത്താൻ ഒരിക്കലും കഴിയില്ല.
6. ബോസുമാരുടെ വേലിയേറ്റം: ഏറെയാളുകൾ ഒരു ബിസിനസ്സ് സംരഭത്തെപ്പറ്റി ചിന്തിക്കുന്നത് ഓഫിസ് അന്തരീക്ഷത്തിൽ ഒരു ബോസിന്റെ കീഴിൽ ജോലിചെയ്യാനുള്ള വിമുഖത കൊണ്ടാണ്. എന്നാൽ സത്യം നേരെ മറിച്ചാണ്. ഓഫിസ് ജോലിക്കാരന് ഓഫിസിലെ ഔദ്യോഗിക സംവിധാനമനുസരിച്ചുള്ള ഒരു ബോസിനെ മാത്രം ഗൗനിച്ചാൽ മതി. എന്നാൽ ബിസിനസ് നടത്തുന്നവർക്ക് എല്ലാവരെയും ഗൗനിക്കണം. ഇന്ത്യയിൽ ഇതിന്റെ അതിപ്രസരവുമാണ്. ഒരു പാറമട നടത്താൻ തന്നെ പതിനാറ് ലൈസൻസ് വേണം എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനീയർ, പൊല്യൂഷൻ കൺട്രോൾ ബോർഡ്, യൂണിയൻ നേതാക്കൾ, ലോക്കൽ എം എൽ എ, ബാങ്കർ, ക്ലയന്റ് തുടങ്ങി നമുക്ക് ഏതൊക്കെ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടണോ അതിലൊക്കെയുള്ളവർ
നമ്മുടെ ബോസുമാരായി അവതരിക്കും.
7. പാരാലിസിസ് ബൈ അനാലിസിസ് ആകരുത്: പുതിയതായി ബിസിനസ്സ് തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് അത്യാവശ്യം അറിവുള്ള ഡൊമൈനിൽ വേണം ബിസിനസ്സ് തുടങ്ങാൻ എന്നതാണ്. നമ്മുടെ പഠനം, പരിശീലനം, യാത്ര, ബന്ധുബലം, പാരമ്പര്യം, ഇവയൊക്കെ കാരണം നമുക്ക് ഏതെങ്കിലുമൊക്കെ രംഗത്ത് അറിവും സാമൂഹ്യ ബന്ധങ്ങളും ഉണ്ടാകുമല്ലോ. അതിലോ, അതിന്റെ അനുബന്ധമായിട്ടോ വേണം പണിതുടങ്ങാൻ. അതെ സമയം ഒരു പ്രസ്ഥാനവും ഉണ്ടാക്കുന്നതിന്റെ നിയമ വശം സാമ്പത്തിക വശം ഇവയിൽ ഒക്കെ കുറച്ച് സമയത്തെ ചിലവാക്കണം. നമുക്ക് യാതൊരു പരിചയവുമില്ലാത്ത രംഗത്ത് അല്ലെങ്കിൽ രാജ്യത്ത് പോയി ബിസിനസ്സ് തുടങ്ങുന്നത് അനാവശ്യ റിസ്ക് ആണ്. എന്നുവെച്ച് ഒരു ബിസിനസ്സ് തുടങ്ങുന്നതിനു മുൻപ് ആ വിഷയത്തിൽ പി എച് ഡി യോ മാസ്‌റ്റേഴ്‌സോ ഒന്നും എടുക്കേണ്ട കാര്യമില്ല കേട്ടോ.
8. കഠിനാധ്വാനം നിർബന്ധം: ലോകത്തെമ്പാടും ജോലിചെയ്യുന്നവരുടെ ജോലിഭാരം വർഷാവർഷം കുറഞ്ഞുവരികയാണ്.
യൂറോപ്യൻ യൂണിയനിലൊക്കെ ആഴ്ചയിൽ മുപ്പത്തിയഞ്ച് മണിക്കൂറുകളായിട്ടുണ്ട് ജോലിസമയം. എന്നാൽ ബിസിനസ്സ് തുടങ്ങുന്നവർ, ആദ്യകാലത്തെങ്കിലും പകലോ രാത്രിയോ നോക്കാതെ, അവധി ദിവസമോ തൊഴിൽ ദിവസമോ നോക്കാതെ ആഴ്ചയിൽ എൺപത് മണിക്കൂറോ അതിലും കൂടുതലോ ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.
9. കുടുംബത്തിന്റെ പിന്തുണ: ബിസിനസ്സ് പച്ചപിടിച്ചു കഴിഞ്ഞാൽ നമുക്ക് ഉറപ്പാക്കാവുന്ന ഒന്നുണ്ട്, സമൂഹത്തിന്റെ പിന്തുണ. എന്നാൽ തുടങ്ങുന്ന കാലത്ത് സ്ഥിതി നേരെ തിരിച്ചാണ്. ബിസിനസ് ബാക്ഗ്രൗണ്ടിൽ നിന്നല്ലാതെ ആ രംഗത്തെത്തുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്താനേ സമൂഹം ശ്രമിക്കൂ. അപ്പോൾ നമുക്ക് പൂർണ്ണമായും കുടുംബത്തിന്റെ വൈകാരികപിന്തുണ ഉണ്ടായേ പറ്റൂ. ഇതത്ര എളുപ്പമല്ല. പ്രത്യേകിച്ചും ബിസിനസ്സ് അറിയാത്ത ബാക്ഗ്രൗണ്ടിൽ നിന്നും വരുന്ന പങ്കാളിയാണെങ്കിൽ. സ്ഥിര ജോലിയിൽ നിന്നാണ് നാം ബിസിനസിലേക്ക് ഇറങ്ങുന്നതെങ്കിൽ ഉറപ്പായും കുടുംബത്തിൽ ഇത് പ്രശ്നങ്ങളുണ്ടാക്കും. പണത്തിന്റെ കാര്യത്തിലും കുടുംബത്തിനോടൊപ്പമുള്ള സമയത്തിന്റെ കാര്യത്തിലും കുറവ് വരുമല്ലോ. ഇക്കാര്യങ്ങൾ പങ്കാളിയുമായി നേരത്തെ ചർച്ച ചെയ്യണം. ബിസിനസ്സിന്റെ തുടക്കത്തിലുണ്ടാകുന്ന മനസികവിഷമങ്ങൾ, സാമ്പത്തിക ഞെരുക്കം, സമയക്കുറവ് ഇതെല്ലാം നമ്മുടെ കുടുംബബന്ധങ്ങൾ അതിജീവിക്കുമോ എന്ന് നമ്മൾ ഉറപ്പാക്കണം. അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറായിരിക്കണം.
10. പണം ലാഭിച്ചും ചെലവാക്കിയും പഠിക്കണം: ബിസിനസ്സിൽ ഇറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം പണത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകണം. ബിസിനസ്സിനകത്ത് പൂർണ്ണ മുതലാളിത്ത ചിന്തയോടെ വേണം തീരുമാനങ്ങളെടുക്കാൻ. കാര്യക്ഷമത, കോസ്റ്റ് എഫക്ടീവ്നെസ്സ് എന്നിവയിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. പണം ചുരുക്കി ചെലവാക്കണം. അതേസമയം ബിസിനസ്സ് പച്ചപിടിച്ചുവന്നാൽ പഴയതുപോലെ ടൊയോട്ടയുമോടിച്ച് നടക്കരുത്. പണം ചെലവാക്കാനുള്ള അവസരം ലഭിച്ചത് ബിസിനസിൽ ഇറങ്ങിയതിന്റെ, കഠിനാധ്വാനം ചെയ്തതിന്റെ, റിസ്ക്ക് എടുത്തതിന്റെ എല്ലാം പ്രതിഫലമാണ്. നല്ല വീടുവെക്കുന്നതിനും, ബി എം ഡബ്ള്യു വാങ്ങുന്നതിനും, ബിസിനസ്സ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതിനും ഒരു മടിയും വിചാരിക്കേണ്ട. നിങ്ങളും കുടുംബവും അതർഹിക്കുന്നു. ധാരാളം പണം ചെലവുചെയ്യുന്നതു കാണുമ്പോൾ സമൂഹം ചുമ്മാ കുറ്റമൊക്കെ പറയും, മൈൻഡ് ചെയ്യണ്ട.
11. ബിസിനസ്സ് ചാരിറ്റിയല്ല: ബിസിനസ്സിൽ തീരുമാനങ്ങളെടുക്കുന്നത് ബിസിനസ് താല്പര്യങ്ങൾ മാത്രം നോക്കിയായിരിക്കണം. കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് ജോലി കൊടുക്കുന്നതോ ബിസിനസ്സ് പൊളിഞ്ഞവരുടെ കടം എഴുതിത്തള്ളുന്നതോ ഒന്നും നല്ല ബിസിനസ്സുകാരന് പറ്റിയ പണിയല്ല. ഒരു ബിസിനസ്സ് നടത്തി ലാഭമുണ്ടാക്കിക്കഴിഞ്ഞാൽ അതിന്റെ നല്ലൊരു ഭാഗം സമൂഹത്തിനുവേണ്ടി ചെലവഴിക്കാം. അതിൽ സന്നദ്ധസംഘടനകളെയും രാഷ്ട്രീയക്കാരെയുമൊക്കെ ഉൾപ്പെടുത്താം എന്നാൽ രാഷ്ട്രീയക്കാരുടെയോ ബന്ധുക്കളുടെയോ വാക്കുകേട്ട് ആരെയും ജോലിക്കെടുക്കരുത്. ബന്ധുക്കൾക്ക് ആർക്കും കോൺട്രാക്റ്റും കൊടുക്കരുത്.
12. പണമല്ല പ്രശ്നം: നല്ല ബിസിനസ്സ് ആശയങ്ങളെ പിന്തുണക്കാനിപ്പോൾ അനവധി സംവിധാനങ്ങളുണ്ട്. സർക്കാരിന്റെ മുദ്രാബാങ്ക്, വെഞ്ചർ കാപിറ്റൽ, ക്രൗഡ് ഫണ്ടിംഗ്, എന്നിങ്ങനെ പലതും. നല്ല ആശയം ഉണ്ടായിരിക്കുക, നമ്മുടെ പാഷൻ കാണിക്കുക, നമ്മൾ അതിൽ നൂറുശതമാനം മുഴുകാൻ തയ്യാറായിരിക്കുക ഇതൊക്കെയാണ് പ്രധാനം.
13 . അതിരുകളില്ലാത്ത കമ്പോളം: ഇന്റർനെറ്റിന്റെ ലോകത്ത് ബിസിനസ്സ് തുടങ്ങുന്നതിൽ പഴയതിൽ നിന്നും പല മാറ്റങ്ങളുമുണ്ട്. ഒന്നാമത് വലിയ മുതൽമുടക്കൊന്നും വേണ്ട, രണ്ടാമത് സഹായം ലോകത്ത് എവിടെ നിന്നും വരാം, മൂന്നാമത് വിജയമായിക്കഴിഞ്ഞാൽ അതിന് അതിരുകളില്ല. കേരളത്തിൽ നിന്നും ഒരു ബില്യൺ ഡോളർ വരുമാനമുള്ള ബ്രാൻഡ് ഉണ്ടായി വരാവുന്നതേയുള്ളൂ. കേരളത്തിലെ തോറ്റ എഞ്ചിനീയര്മാരിൽ നിന്നായിരിക്കും അത് സംഭവിക്കുക എന്നാണ് എന്റെ പ്രവചനം.
13. നെറ്റ്‌വർക്ക് സർവപ്രധാനം: ഒരു ജോലി കിട്ടാൻ നെറ്റ് വർക്ക് ഗുണകരമാണെങ്കിലും നെറ്റ് വർക്ക് ഇല്ലെങ്കിലും ജോലി നേടാം, നിലനിർത്തുകയും ചെയ്യാം. പക്ഷെ ബിസിനസ്സ് എന്നുപറയുന്നത് മൊത്തം നെറ്റ് വർക്കിന്റെ കളിയാണ്. മറ്റുള്ളവരിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുക, അത് നിലനിർത്തുക, ഇതൊക്കെയാണ് പ്രധാനം. പ്രൊഫഷണൽ രംഗത്തും വ്യക്തിപരമായും നെറ്റ്‌വർക്കിങ് ഉഷാറാക്കാതെ ബിസിനസ്സിൽ വിജയിക്കില്ല.
ഒരു ബിസിനസ്സ് തുടങ്ങി വിജയിപ്പിക്കാൻ ഏറ്റവും എളുപ്പം ഇപ്പോൾ നടക്കുന്ന ഏതെങ്കിലും ബിസിനസ്സ് ഏറ്റെടുത്ത് അത് കൂടുതൽ നന്നായി ചെയ്യുകയാണെന്നാണ് എന്റെ സുഹൃത്തും അയർലൻഡിലെ സംരംഭകയും ആയ നിക്കോള യുടെ അഭിപ്രായം. ഒരു സംരഭകയുടെ ജീവിതവും തൊഴിലും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയാൻ താല്പര്യം ഉള്ളവർ അവരുടെ പ്രസംഗം സൂക്ഷിച്ചു കേൾക്കുന്നത് നന്നായിരിക്കും.
Collective !
Collective !
Emoticon Emoticon