ഒരു പുഴയുടെ രോദനം

10:11

ജാലകവാതിൽ പതിയെ 
തുറന്നേകയായ്‌ ഞാനന്ന്
ജന്നലോരത്ത്‌ കവിൾ
ചേർത്തൊരാ നേരം
ആ മഴനൂലെന്റെ നെഞ്ചിലു-
ണർത്തിയതൊരോർമ്മതൻ
നിലാസ്പർശമെങ്കിലെന്റെ
കാഴ്‌ചയ്ക്ക്കു മുന്നിലൊരു
നിഴലായൊഴുകുന്നു നീ 
വരണ്ട ചാലിന്നിരുണ്ട വിഷാദവും പേറി

ഇന്നലെകളിലെന്നിൽ
മോഹമുണർത്തിയൊരൊലികൾ
ഇന്നും നിന്റെ തീരത്തിനു സ്വന്തമോ
ഇന്നില്ല നിന്നിലോളങ്ങൾ
എന്നിലോ നീണ്ട നെടുവീർപ്പുകൾക്കാഴമേറിയ രാവുകൾ

കര തെളിഞ്ഞു കുടൽ പറിഞ്ഞു
ആശകളുൽപ്പത്തി നഷ്ടമായ്‌
ചത്തുപൊങ്ങിയ ദിനരാത്രങ്ങളിലൊരിക്കലെങ്കിലുമെനിക്കു 
മാത്രമായൊരുയിരിന്റെ കനൽ
പേറുവാനായതെന്തിനോ

നിന്റെ നിറമാറിലൂറിയ 
മുലപ്പാലിന്നു കാളകൂട വിഷമായൊഴുകിയെന്നാത്മാവിനൊരന്ത്യം നൽകുവാനായെങ്കിൽ
മഴുവെറിഞ്ഞൊരു കൈവഴിയുണ്ടാക്കിയൊഴുക്കിയേനെ
നരനന്യമാം മണണിലേക്കു നിന്നെ ഞാൻ

തിരയുന്ന തീരത്തിനളവു
കോലില്ലാതിരുന്ന നാളുകളന്യമല്ലിന്നും,
ഈ സായന്തന ചുവപ്പിലൊരു
പ്രളയമായൊരിക്കൽ കൂടിയൊഴുകുവാനായെങ്കിലതിലെന്റെ ദാഹവും മോഹവുമൊടുക്കിയേനെ

തിരികെ ഏകുമോ വീണ്ടുമൊരുനാളിനിയൊരേറ്റു പാട്ടിന്റെ
താളത്തിനൊപ്പമിവൾക്ക്‌
ചുവടു വെക്കാൻ

നനവു വറ്റിയ നിലത്തൂറിയ
ഓരിന്റെ സ്പന്ദനമായ്‌
ദാഹനീരിനു നാവുനീട്ടിയീ
കറുത്തമണണിൽ നീ പടർത്തിയ നഖക്ഷതങ്ങിലുടക്കി വലിക്കുന്നുവെന്നന്തരംഗമൊന്നാകെ

നീയൊഴുകിയ നാടുകളിൽ
നീയലഞ്ഞ താഴ്‌വരകളിലൊരു
ജിപ്സിയായ്‌ കാലം നിന്നെ വരച്ചിടുന്ന നാളുകളിതായെത്തി

പുഴയെന്ന പേരു മാത്രമായിനിയെത്ര നാൾ
നിന്റെ പാദത്തിലമർന്നാ
തെളിനീരിലെന്റെ ദാഹമൊടുക്കുവാനിനിയെത്ര ജന്മമെന്നാത്മാവു വിതുംബണം

നിന്റെ വരണ്ട തീരങ്ങളിൽ
ഇരുണ്ട നിഴലിന്നഗാധമാം
കയങ്ങളിൽ
കറുപ്പ്‌ കലർന്നാ വിഷത്തുളളിയായിറ്റുവീണ നിൻ കണണുനീരിൽ
നിനക്കാത്മശാന്തി കുറിച്ചീ 
വരികളെഴുതി പിൻ വാങ്ങുന്നു ഞാൻ.....

      - ആർ ബി അർച്ചനാ കൃഷ്ണൻ

Share this

Related Posts