യക്ഷി - Story

13:00

യക്ഷി തൻറെ പതിവ് ഊരുചുറ്റൽ കഴിഞ്ഞെത്തിയപ്പോഴാണ് ആ നഗ്നസത്യം തിരിച്ചറിഞ്ഞത്, തൻറെ വാസസ്ഥാനമായ പാലമരം മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു.
ആ പ്രദേശത്തെ അവസാന പാലമരവും മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഇനി താനെന്ത് ചെയ്യും യക്ഷി തലപുകഞ്ഞാലോചിച്ചു.
പാലമരത്തേക്കാൾ പൊക്കത്തിൽ തലയെടുപ്പോടെ നിൽക്കുന്ന മൊബൈൽ ടവറുകൾ ആദ്യമൊക്കെ അവളെ അൽപം മോഹിപ്പിച്ചിരുന്നുവെങ്കിലും റേഡിയേഷനെക്കുറിച്ചോർത്തപ്പോൾ വേണ്ടെന്നുവച്ചതാണ്.
പക്ഷേ അവൾക്കന്നും ഇന്നും ആലോചിച്ചിട്ടും മനസിലാകാത്ത ചില കാര്യങ്ങളുണ്ടായിരുന്നു.
മൊബൈൽ ടവറിലെ റേഡിയേഷനെതിരേ സമരം ചെയ്യുന്നവരുടെയല്ലാം കൈയ്യിൽ ടവറിനേക്കാൾ റേഡിയേഷൻ ഏൽപ്പിക്കാൻ കെൽപ്പുള്ള മൊബൈൽ ഫോണുകളുണ്ട്. ടവറ് സ്ഥാപിക്കാൻ അനുവദിക്കാത്ത ഇവർ തന്നെ റെയ്ഞ്ച് ഇല്ലായെന്ന് പറഞ്ഞ് കസ്റ്റമർ കെയർ ജീവനക്കാരുടെ പിതാവിന് വിളിക്കുന്നതും കേൾക്കാം.

അതെങ്ങനെയാ റെയ്ച് കിട്ടാൻ ടവറിനു പകരം കൊടിമരം നാട്ടിയാൽ മതിയെന്നാണോ ഇവർ ധരിച്ചുവച്ചേക്കുന്നത്.

യക്ഷിയുടെ ചിന്തകളങ്ങനെ കാടുകയറിയപ്പോൾ പാലമരത്തിൻറെ കടയ്ക്കൽ കോടാലി.  അല്ല യന്ത്രവാൾ വച്ചവരെത്തി തടി കൊണ്ട് പോകാനൊരു ലോറിയുമായി. തൻറെ വാസസ്ഥലം തുണ്ടുതുണ്ടായി മുറിയുന്നത് യക്ഷി വേദനയോടെ നോക്കിയിരുന്നു. ആ സമയം ആ മനുഷ്യരുടെ സംഭാഷണവും അവൾ ശ്രദ്ധിച്ചിരുന്നു. അതിൻറെ രത്നച്ചുരുക്കം ഇപ്രകാരമായിരുന്നു.
കിണറ്റിലെങ്ങും വെള്ളമില്ല. ചൂടുകാരണം പകൽ പണിയെടുക്കാനാവുന്നില്ല, രാത്രി ഉറങ്ങാനാകുന്നില്ല.  മഴ ചതിച്ചു. ദൈവങ്ങൾ ഇതൊന്നും കാണുന്നില്ല. കത്തിച്ച മെഴുകുതിരികളും നടത്തിയ വഴിപാടുകളും വേസ്റ്റാണ്.
അത് കേട്ടപ്പോൾ യക്ഷിക്ക് കലി കയറി വന്നതാണ്. പിന്നെ അവരുടെ കയ്യിലെ യന്ത്ര വാൾ കണ്ടതിനാലും നിർഭയയുടെയും സൌമ്യയുടെയുമൊക്കെ കഥകളറിയാവുന്നതുകൊണ്ടും സ്വന്തം മാനം കെടാതിരിക്കാൻ യക്ഷി നിശബ്ദത പാലിച്ചു. താൻ യക്ഷിയാണെന്ന് അറിഞ്ഞാലൊരുപക്ഷേ അവർ ഭയന്നോടുമായിരിക്കും. പക്ഷേ മൂക്കറ്റം മദ്യപിച്ച് കഞ്ചാവുമൊക്കെ പുകച്ച് നിൽക്കീന്ന അവന്മാരോട് താൻ യക്ഷിയാണെന്നൊക്കെ ബോദ്ധ്യപ്പെടുത്താൻ വല്യ പാടാണെന്ന് പാവം യക്ഷിക്കറിയാമായിരുന്നു.
യക്ഷി അവരുടെ സംഭാഷണത്തിലേക്ക് തിരികെ വന്നു. ദൈവത്തിനെ കുറ്റം പറയാൻ ഇവർക്കെന്തവകാശം.  മരമായ മരമെല്ലാം വെട്ടിക്കളഞ്ഞ്, കുളമായ കുളമെല്ലാം നികത്തി, മലകളൊക്കെയുമിടിച്ച് കായലും പുഴയും നികത്തി, പുഴ തുരന്നുള്ള മണലെല്ലാം ഊറ്റി എന്നിട്ടും കലിപ്പ് തീരാഞ്ഞിട്ട് ഡീസലും പെട്രോളും കിട്ടാവുന്നതൊക്കെയും ഇന്ധനമാക്കി പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിച്ച് ഭൂമിയെ വലീയൊരു മാലിന്യക്കൂമ്പാരമാക്കിയ മനുഷ്യൻ പറയുന്നു മഴ അവനെ ചതിച്ചെന്നു. മഴയെയും പുഴയെയുമൊക്കെ ചതിച്ച മനുഷ്യന് നാണമാകില്ലേ മഴയെയും ദൈവങ്ങളെയും കുറ്റം പറയാൻ.
ആധുനിക മനുഷ്യൻ പറയുന്നത് അവനാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ബുദ്ധിശാലിയെന്ന്.
പക്ഷേ അവന് പലതും അറിയില്ല പഴമയുടെ മഹത്വം അറിയാൻ ശ്രമിക്കുന്നില്ല.
പണ്ട് നാട്ടിൻ പുറങ്ങളിൽ കൊച്ചുകൊച്ചു കാവുകളുണ്ടായിരുന്നു. അതീനോട് ചേർന്ന് കുളവും കാവിലൊരു വലിയ പനയോ പാലയോ ഒക്കെ ഉണ്ടാകുമായിരുന്നു. ആ മരം ഞങ്ങളുടെ വാസസ്ഥാനമായീരുന്നതുകൊണ്ട് ആരുംപകൽ പോലും കാവിനുള്ളിൽ കയറാൻ മടിച്ചു. നാഗങ്ങൾ കാവിൻറെ അവകാശികളും സംരക്ഷകരുമായി. പക്ഷി മൃഗാദികൾ കൂട്ടത്തോടെ അവിടെത്താമസിച്ചു. കുളവും ചതുപ്പുമൊക്കെയായി മഴവെള്ളത്തെ സമൃദ്ധമായി സംഭരിച്ചു.
അങ്ങനെ പ്രകൃതീയും മനുഷ്യനും വിശ്വാസങ്ങളും ഭയവും ഒക്കെ ഇടകലർന്ന് പരസ്പരം സംരക്ഷിച്ചും സഹായിച്ചും കഴിഞ്ഞ് കൂടി.
ആധുനിക മാനവൻ ഇതെല്ലാം നശിപ്പിച്ചു. വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളാക്കി, പ്രകൃതിയെയും അതിൻറെ അദ്ഭുത ശക്തീകളെയും ആരാധാച്ചിരുന്നവൻ ആൾ ദൈവങ്ങളെ ആരിധിച്ചു തുടങ്ങി.
ഇത്രയൊക്കെ ചിന്തിച്ചുകൂട്ടിയ യക്ഷി പരിസരം മറന്ന് നിന്നുപോയി. ലോറിയിൽ തടി കയറ്റിക്കഴിഞ്ഞ ആ തടീമാടൻമാർ തന്നെ ഉറ്റു നോക്കി നില്ക്കുകയാണെന്നവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു. യക്ഷികളുടെ പരമ്പരാഗത വസ്ത്രമായ വെള്ള സാരിയുടുത്ത് മുടിയിൽ പാലപ്പൂവും ചൂടി മുറുക്കിച്ചുവന്ന ചുണ്ടുകളുമായി നിന്ന യക്ഷിയെ അവർ ആർത്തിയോടെ നോക്കീ. അവരെ ഭയപ്പെടുത്താൻ യക്ഷി തൻറെ ദംഷ്ട്രകൾ പുറത്തേക്ക് നീട്ടി. അത് കണ്ട അവന്മാരിലൊരുത്തൻ പറഞ്ഞു. ദേണ്ടെടാ അവള് ബബിൾഗമൊക്കെ ചവച്ച് നിൽക്കുവാ.
അവർ തൻറെ പേരിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടാരുന്നു.
സ്ഥലനാമം ചേർത്തുള്ള ആ സ്ത്രീ നാമങ്ങൾ യക്ഷീക്ക് പരിചയമീല്ലാരുന്നെങ്കിലും ആ ചെകുത്താൻമാർക്ക് അവ നല്ല പരിചയമാരുന്നു.
അവർ പതീയെ പാവം യക്ഷിക്കരികിലേക്ക് നീങ്ങി.
കാര്യങ്ങൾ പന്തികേടാണെന്ന് മനസിലാക്കിയ യക്ഷി ചെകുത്താൻമാരുടെ രാജാവിനെത്തന്നെ രക്ഷക്കായി വിളിച്ചു.
സാക്ഷാൽ ഡ്രാക്കുളയെ....☠💀😱
തൻറെ പ്രിയപ്പെട്ടവളുടെ വിളി കേട്ട് ഡ്രാക്കുള പറന്നെത്തിയത് ഒരു വവ്വാലിൻറെ രൂപത്തിലായിരുന്നു. പറന്നിറങ്ങി വരുന്ന വവ്വാലിനെ യക്ഷിയും കണ്ടു ആ തടിമാടൻമാരും കണ്ടു.
യക്ഷിക്കാശ്വാസമായി തടിയന്മാർക്ക് ആവേശവും. അവരിലൊരാൾ പറഞ്ഞു.
ഡാ ആ വലിയ വവ്വാലിനെ കണ്ടോ അതിനെ എറിഞ്ഞിട്ടാൽ, ഫ്രൈ ചെയ്ത് കള്ളിൻറെ കൂടെ കഴിക്കാം നല്ല ടേസ്റ്റാണ്.
അത് കേൾക്കേണ്ട താമസം എല്ലാവരുടെയും കയ്യിൽ നല്ല മുഴുത്ത കല്ലുകൾ പ്രത്യക്ഷപ്പെട്ടു.
തനിക്ക് നേരേ ചീറിപ്പാഞ്ഞ് വരുന്ന മെറ്റിൽ കഷ്ണങ്ങളിൽ നിന്നും അസാമാന്യ മെയ് വഴക്കമുള്ളതുകൊണ്ട് മാത്രമാണ് പാവം ഡ്രാക്കുളക്ക് രക്ഷപെടാനായത്.
ഒടുവിലൊരു കൺകെട്ട് വിദ്യ കാട്ടി ആ യക്ഷിയെയും കൊണ്ട് ഡ്രാക്കുള പറന്നു.
സുരക്ഷിതമായി ഒരു സ്ഥലത്തെത്തി അവർ വിശ്രമിച്ചു.
ദാഹവും ടെൻഷനും കാരണം ഡ്രാക്കുളയുടെ തൊണ്ട വരണ്ടു.
അങ്ങേയ്ക്ക് ആ തടിയൻമാരുടെ ആരുടെയെങ്കിലും രക്തം കുടിച്ച് ദാഹമകറ്റിക്കൂടായിരുന്നോ?
മൂക്കറ്റം മദ്യത്തിൽ നീൽക്കുന്ന അവന്മാരുടെ രക്തം കുടിച്ചിട്ട് വേണം ഞാൻ ഫിറ്റായി ചിറകുകുഴഞ്ഞ് നടക്കാൻ. പിന്നെ അടുത്ത ദിവസം മുതൽ തലയിൽ മുണ്ടിട്ട് ഞാൻ പോയി ബിവറേജിനു മുന്നിൽ ക്യൂ നിൽക്കേണ്ടി വരും.

ഡ്രാക്കുള പറഞ്ഞതിൽ കാര്യമില്ലാതില്ലെന്ന് യക്ഷിക്കും തോന്നി.

മദ്യം ഒരു വലിയ വിപത്തായി മാറുകയാണ് അല്ലേ. കുറേപ്പേർ മദ്യം കഴിച്ച് നശിക്കുന്നത് മാത്രമല്ലല്ലോ പ്രശ്നം. അതിൻറെ ലഹരിയിൽ കാട്ടിക്കൂട്ടുന്ന അക്രമം വലീയ പ്രശ്നം തന്നെയാണ്.
യക്ഷിയുടെ ആകുലത കണ്ട് ഡ്രാക്കുള അവളുടെ തോളോട് ചേർന്നിരുന്നു. എന്നിട്ട് പറഞ്ഞു.
പണ്ട് കാലത്ത് ഈ നാട്ടിൽ ആൾക്കാർ ലഹരിക്കായി ഉപയോഗിച്ചിരുന്നത് ചാരായമാരുന്നു. അതിനായി എല്ലായിടത്തും ചാരായഷാപ്പുകളുമുണ്ടായിരുന്നു. പക്ഷേ അന്നൊക്കെ ചാരായഷാപ്പിൽ പോകുന്നത്  വലിയ അപരാധമായിരുന്നു. ഒളിച്ചും പതുങ്ങിയും തലയിൽ മുണ്ടിട്ടുമായിരുന്നു ആൾക്കാർ ഷാപ്പിനുള്ളിൽ കയറിപ്പറ്റിയിരുന്നത്. 

കുട്ടികൾക്കുമാത്രമല്ല മുപ്പതിൽ താഴെയുള്ളവർക്കുപോലും ഏതാണ്ട് അപ്രാപ്യമായിരുന്നു ഈ സാധനം. അതുകൊണ്ട് തന്നെ നാട്ടിൽ ചാരായം കുടിക്കുന്നവരുടെ എണ്ണം തീരെക്കുറവായിരുന്നു. എന്നാലൊരുദിനം ഈ ചാരായമെന്ന സാധനം നിരോധിച്ച് പിന്നീട് നിറമില്ലാത്ത ചാരായത്തിന് പകരം നിറവും നിരവധി പേരുകളുമുള്ള മദ്യം വിപണിയിലെത്തി. സർക്കാർ മുദ്രപതിച്ച് സർക്കാർ മദ്യം കച്ചവടം ചെയ്തപ്പോൾ പണ്ട് തലയിൽ മുണ്ടിട്ട് ഷാപ്പിൽ പോയിരുന്നവർ അന്തസ്സായി നെഞ്ചും വിരിച്ച് ക്യൂവിൽ നിന്ന് മദ്യം വാങ്ങി സേവിക്കാൻ തുടങ്ങി.

പിള്ളേർക്കൊക്കെ മദ്യത്തിൻറെ ലഹരി പോരെന്ന് തോന്നിത്തുടങ്ങിയപ്പോ കഞ്ചാവും മയക്ക്മരുന്നുകളും ഉപയോഗിച്ച് തുടങ്ങി. അതൊക്കെയിപ്പോ അവർക്ക് നിത്യോപയോഗ സാനനങ്ങൾ പോലെയായി.
ഡ്രാക്കുളയുടെ ഈ പ്രഭാഷണമൊക്കെ കേട്ട് മനുഷ്യരെപ്പോലെതന്നെ യക്ഷിക്കും ബോറടീച്ചു തുടങ്ങി.
നീങ്ങൾ ഡ്രാക്കുളയല്ലെ, എൻറെ രക്ഷക്കായീ നിങ്ങളെ വിളിച്ച് വരുത്തിയപ്പോ, എനിക്ക് ചില പ്രതീക്ഷകളൊക്കെയുണ്ടായിരുന്നു. അവന്മാരെയൊക്കെ പിച്ചിചീന്തി നിങ്ങൾ രക്തം കുടിക്കുമെന്ന്. പക്ഷേ ഇതൊരുമാതിരി ഭീരുക്കളെപ്പോലെ അവരുടെ കണ്ണിൽ പൊടിയിട്ട് എന്നെ രക്ഷിച്ചിരിക്കുന്നു.
യക്ഷിക്കത് വലിയ കുറച്ചിലായീപ്പോയി.
ഇതൊക്കെ കേട്ട ഡ്രാക്കുളക്ക് കലി വന്നു.
നീയെന്തറിഞ്ഞിട്ടാ ഈ കിടന്ന് പുലമ്പുന്നത്. എടീ മനുഷ്യരുടെയത്രേം ക്രൂരനാകാൻ എനിക്ക് പറ്റില്ല. ഇവിടെ നടക്കുന്നതൊക്കെക്കണ്ട് ഞാൻ തന്നെ ഭയന്നിരിക്കുവാ.
പേടികൊണ്ട് മുട്ടുകൂട്ടിയിടിക്കുന്ന കാരണം രാത്രി സഞ്ചാരം പോലും കുറവാണ്.
ആളെക്കൊല്ലുന്നതും കോഴിയെക്കൊല്ലുന്നതുമൊക്കെ ഇവിടുള്ള മനുഷ്യന് ഒരുപോലെ നിസാരമായ കാര്യമാണ്.
ഒരാളെ ഒറ്റവെട്ടിനു കൊല്ലാമെന്നിരിക്കേ കലിയടങ്ങാതെ വെട്ടിക്കീറുന്നവരും, കാശു വാങ്ങി ആളെക്കൊല്ലുന്നത് ജീവിതമാർഗമാക്കിയവരും, മൂന്ന് വയസുകാരിയെയും മുപ്പതുവയസുകാരിയെയും തൊണ്ണൂറ് വയസുകാരിയെയും പീഡിപ്പിക്കാനും കൊന്നുകളയാനും മടിയില്ലാത്തവരുമുള്ള ഈ നാട്ടിലുള്ളവരെ ഞാനെന്ത് കാണിച്ച് ഭയപ്പെടുത്താനാണ്.
ഇതൊക്കെ ആലോചിക്കുമ്പോൾ തന്നെ ഭയം കാരണം ഉള്ളം കിടുങ്ങുകയാണ്.
ഇതിനിടയിൽ ഇവിടെ ജീവിക്കുന്നവരെ സമ്മതിക്കണം.ധൈര്യശാലികൾ.
പാവം ഡ്രാക്കുള ദീർഘനിശ്വാസമെടുത്തു.
അങ്ങെന്താണ് ഒരു മാതിരി ഭീരുക്കളെപ്പോലെ സംസാരിക്കുന്നത്? യക്ഷി പാവത്തിനെ വിടാൻ ഭാവമീല്ല.
എടീ പൊട്ടിക്കാളീ നീയെവിടെയങ്കിലും ഡ്രാക്കുള  ചോര കുടിച്ച് ആരെങ്കിലും മരിച്ചതായോ,

എന്നെക്കണ്ട് പേടീച്ചോടി ആരേലുംമരിച്ചതായോ കേട്ടിട്ടുണ്ടോ?

പോലീസിനെ കണ്ട് പേടിച്ചോടി കിണറ്റിൽ വീണ് വരെ ആൾക്കാർ മരിച്ചിട്ടുണ്ട്. പക്ഷേ എന്നെ......
ഡ്രാക്കുളയുടെ കണ്ണ് നിറഞ്ഞു.
അങ്ങ് ട്രാൻസിൽവാനിയയിലെ കാർപ്ത്യാൻ മലനിരകളിലെ എൻറെ സ്വന്തം കൊട്ടാരത്തിൽ സസുഖം കഴിഞ്ഞിരുന്ന എന്നെ കിരാതനും കണ്ണിൽചോരയില്ലാതെ പാവം പെൺകുട്ടികളെ വശീകരിച്ച് ചോരകുടീക്കുന്നവനുമൊക്കെയാക്കിയ മനുഷ്യാ ഞാൻ നിന്നോളം ക്രൂരനല്ല.

നിന്നെപ്പോലെയാകാൻ കാട്ടിലെ മൃഗങ്ങൾക്ക് പോലും കഴിയില്ല.

ഡ്രാക്കുളയുടെ ഇടറുന്ന ശബ്ദത്തിൽ നിന്നും അത്ര മാത്രമേ ആ യക്ഷിക്ക് കേൾക്കാൻ കഴിഞ്ഞുള്ളു.
compiled by,

Admin

Share this

Related Posts